mohshem
ശെ!
9 posts
നല്ലതാണോ മോശമാണോന്ന് നിങ്ങള് തീരുമാനിക്ക്!
Don't wanna be here? Send us removal request.
mohshem · 2 years ago
Text
വിഷം
ബാത്റൂമിലെ ബക്കറ്റ് നീക്കിയപ്പോൾ ഒരു ചിലന്തിക്കുഞ്ഞ് ഭയചകിതനായി ഓടി ചുമരിലെ കണ്ണാടിക്ക് പിറകിലൊളിച്ചു.
ഭയക്കേണ്ട കുഞ്ഞേ, നിന്നെ ഞാനൊന്നും ചെയ്യില്ല!
എന്നാൽ കൂടെയുള്ളവരുടെ കാര്യത്തിൽ ഒരുറപ്പ് തരാൻ എനിക്കാവില്ല.. പലരും നിന്നെയൊരു ഭീകരജീവി ആയിട്ടാണ് കാണുന്നത്. നിൻ്റെ രൂപവും നിന്നെക്കുറിച്ച് പറയപ്പെട്ട കഥകളിൽ ഒരു വിഷജീവിയായി അവതരിപ്പിച്ചതും ഒക്കെ അതിനൊരു കാരണമാകാം.. നിന്നെയവര് കണ്ടാൽ ചിലപ്പോൾ അലറി വിളിച്ചേക്കാം, തല്ലിക്കൊന്നേക്കാം.. അത് കൊണ്ട് നീ രക്ഷപെട്ടു കൊൾക!
നിന്നിൽ പെട്ട ചിലരിൽ വിഷമുണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും അതിനേക്കാൾ പതിന്മടങ്ങ് വിഷം പേറി നടക്കുന്ന മനുഷ്യരുണ്ട്. അധികാരവും പണവും അഹന്തയും കാരണം കണ്ണ് മഞ്ഞളിച്ചിരിക്കുന്നവർ.. അവരുടെ വിഷം മറ്റുള്ളവരിൽ ആരോപിച്ച് സംതൃപ്തി തേടുന്നവർ!ഒരാൾ ചെയ്�� തെറ്റിന് ഒരു സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്തുകയെന്നത് മനുഷ്യരുടെ ഒരു രീതിയാണ്. അതിനാൽ നിനക്ക് വിഷമുണ്ടോ ഇല്ലയോ എന്നതിനേക്കാളുപരി നിൻ്റെ വർഗത്തിൽ പെട്ട ഏതെങ്കിലും ഒന്നിന് വിഷമുണ്ടായാൽ പിന്നെ നീയടക്കം വിഷജീവിയാകും! രക്ഷപ്പെടണമെങ്കിൽ അധികാരം വേണം, അല്ലെങ്കിൽ പണം വേണം!
ഇതൊന്നും നിനക്കില്ലല്ലോ കുഞ്ഞേ, രക്ഷപ്പെട്ടു കൊൾക! ഈ പറയുന്നതൊന്നുമായിരിക്കില്ല നാളെ ഞാൻ പ്രവർത്തിക്കുന്നത്; മനുഷ്യനായിപ്പോയില്ലേ!!
0 notes
mohshem · 2 years ago
Text
ജാഡ
വല്ലപ്പോഴും ഒക്കെ ഊണ് കഴിക്കാൻ പോകുന്ന ഹോട്ടലിൽ ഒരു ചേച്ചി ഉണ്ട്. പ്രായം വെച്ച് ആൻ്റി എന്നാണ് വിളിക്കേണ്ടതെങ്കിലും പ്രായം മറച്ചു വെക്കാൻ എടുക്കുന്ന effort നെ ബഹുമാനിക്കുന്നത് കൊണ്ട് ചേച്ചി എന്ന് തന്നെ വിളിക്കാം! ആ ചേച്ചിയുടെ മുഖത്തെ ഡിഫോൾട്ട് ഭാവം പുച്ഛമാണ്. പൊരിച്ചതും കരിച്ചതും ഒന്നും വങ്ങിക്കാതെ ഊണ് മാത്രം കഴിച്ചു ഇറങ്ങുന്നവരെ കണ്ടാൽ പുച്ഛം ഇരട്ടിക്കും. പ്രസ്തുത പുച്ഛം സഹിക്കാൻ വയ്യാതെയാണോ ആൾക്കാർ സ്പെഷ്യൽ ഐറ്റംസ് വാങ്ങി കഴിക്കുന്നത് എന്നെനിക്ക് സംശയമുണ്ട്. അത്ര വലിയ ടേസ്റ്റൊന്നുമില്ലെങ്കിലും അവിടെ എന്നും നല്ല തിരക്കാണ്. അങ്ങനെ പുച്ഛിച്ചു പണം ഉണ്ടാക്കുന്ന ഒരു ചേച്ചി!
നമ്മൾ എന്നും സാദാ ഊണുകാർ ആയതിനാൽ ആ പുച്ഛം സ്ഥിരം എൽക്കാറുണ്ട്.
ഒരു ദിവസം സ്പെഷ്യൽ വല്ലതും വാങ്ങിയാൽ ആ ഭാവത്തിന് ഭേദം വല്ലതും സംഭവിക്കുമോ എന്നറിയാൻ ഒരു കൗതുകം. ഊണും പൊരിച്ചതും കഴിച്ചു ബില്ലുമായി ക്യാഷ് കൗണ്ടറിൽ എത്തി. ബില്ല് വാങ്ങി നോക്കുക പോലും ചെയ്യാതെ അവർ ബിൽ ഹോൾഡറിൽ കുത്തി. 160 രൂപ ആയിരുന്നു തുക. മോദിജിയുടെ അനുഗ്രഹാശിസ്സുകൾ ഉള്ള ഇരുനൂറിൻ്റെ നോട്ടൊരെണ്ണം കൊടുത്തു. പൈസ വാങ്ങുമ്പോൾ ഊണ് മാത്രമല്ലേ എന്നൊരു ചോദ്യം. ബില്ല് നോക്കാൻ പറഞ്ഞ��. നോക്കിയിട്ടും ഭാവ മാറ്റം ഇല്ല. ഞാൻ നിരാശനായി. അവർ ബാക്കി തുക മേശമേൽ വെച്ചു. നിരാശ മറച്ചു വെച്ച് തുക എടുക്കാൻ നോക്കിയപ്പോൾ 340 രൂപ! ശെടാ, ഞാൻ ഇനി അഞ്ഞൂറാണോ കൊടുത്തത്?! സംശയമായി. purse നോക്കി ഉറപ്പ് വരുത്തിയ ശേഷം ചേച്ചിക്ക് പറ്റിയ തെറ്റ് ചൂണ്ടിക്കാട്ടി. പെട്ടെന്ന് അതാ ആ മുഖത്തൊരു ചമ്മൽ..!! വെറും ഒരു സെക്കൻ്റ് മാത്രമേ നീണ്ടു നിന്നുള്ളൂ എങ്കിലും ആ മുഖത്ത് മറ്റൊരു ഭാവം കണ്ട സന്തോഷത്തിൽ ബാക്കി തുകയും വാങ്ങി ഞാൻ ഇറങ്ങി നടന്നു... കുറച്ചു ദൂരം നടന്ന ശേഷം വീണ്ടും സംശയം, ശെടാ, ഞാൻ ഇനി അഞ്ഞൂറാന്നോ കൊടുത്തത്?!!
0 notes
mohshem · 2 years ago
Text
ചായ
പതിവില്ലാതെ ഞാൻ കാച്ചിയ ചായ നന്നായി! ഈ സന്തോഷം ആരെയെങ്കിലും അറിയിക്കണമല്ലോ.. ഒരു പിക് എടുത്ത് സോഷ്യൽ മീഡിയകളിൽ വിതറി. ലൈക്കുകൾ വാരിക്കോരിയിടാൻ മാത്രം ഫോളോവേഴ്സൊന്നുമില്ലെങ്കിലും ഒന്നോ രണ്ടോ എങ്കിലും കിട്ടാതിരിക്കില്ല..
അങ്ങനെ ലൈക്കും വെയ്റ്റ് ചെയ്തിരിക്കെ മമ്മി വന്നു.. മോണിങ് വോക്കിന് പോയതായിരുന്നു.. കയറി വന്നയുടനെ ചോദിച്ചത് ഏത് പാലെടുത്താണ് നീ ചായ കാച്ചിയതെന്നായിരുന്നു!
ഞാൻ ഞെട്ടി! പണി കിട്ടിയോ പടച്ചോനേന്നോർത്ത് പാലിൻ്റെ ഡീറ്റെയിൽസ് പറഞ്ഞു കൊടുത്തു.
'ഞാനത് പൂച്ചയ്ക്ക് കൊടുക്കാൻ മാറ്റി വെച്ചതായിരുന്നു.. നിനക്കത് കുടിച്ചിട്ട് ചുവ വ്യത്യാസം ഒന്നും തോന്നിയില്ലേ?!'
ഇതു വരെ കാച്ചിയതിൽ വെച്ചേറ്റവും ടേസ്റ്റി ആയ ചായ ആസ്വദിച്ചു കുടിച്ചു കൊണ്ടിരുന്ന ഞാനെന്തു പറയാനാണ്! പെട്ടെന്നതാ നോട്ടിഫികേഷൻ,
'someone liked your post!'
0 notes
mohshem · 2 years ago
Text
നേരായ വഴി
പടച്ചോനേ, എന്നെ നീ നേരായ വഴിക്ക് നയിക്കേണമേ എന്ന് പ്രാർത്ഥിച്ചിറങ്ങിയ അയാൾ വരിവരിയായി പോവുകയായിരുന്ന കുറേ ഉറുമ്പുകളെ വഴി തെറ്റിച്ചു!
0 notes
mohshem · 2 years ago
Text
ഫുട്ബോൾ ആരവങ്ങൾക്കിടെ ഒരൽപം ക്രിക്കറ്റ് ചിന്തകൾ
T20 World Cup കഴിഞ്ഞ് ടീമുകളെല്ലാം നാട് പിടിച്ചു. ആ കിരീടവും ക്രിക്കറ്റിന്റെ ജന്മദേശം ആയ ഇംഗ്ലണ്ടിലേക്ക് പോയി. വൺഡേ വേൾഡ് കപ്പ് അവരുടെ കസ്റ്റഡിയിൽ ആണല്ലോ ഉള്ളത്.. എന്നാൽ യഥാർത്ഥ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ന്യൂസിലാൻഡിനു കൂടി ആ കപ്പിൽ അവകാശമുണ്ട്. കാരണം അവർ അത്ര നന്നായാണ് കളിച്ചത്. ഒരു സൂപ്പർ ഓവർ കൂടി അവരർഹിച്ചിരുന്നു. അതിൽ അവർ വിജയിക്കില്ലെന്ന് ആരു കണ്ടു?! ഐസിസിയുടെ നിയമത്തിന്റെ പോരായ്മ കൊണ്ടാണ് അവര് റണ്ണേഴ്സായത്.. ഇംഗ്ലണ്ടിന്റെ ജയത്തിന് മാറ്റ് കുറഞ്ഞതും മറ്റൊന്നും കൊണ്ടല്ല. വേൾഡ് കപ്പ് ഫൈനൽ പോലെയുള്ള പ്രധാന മത്സരങ്ങളിൽ ഇതുപോലെ വിജയികളെ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായമുണ്ട്. സംയുക്ത ജേതാക്കൾ ആക്കുകയായിരുന്നു വേണ്ടത്. അല്ലെങ്കിൽ ഒരു റിസൾട്ട് വരുന്നതുവരെ സൂപ്പർ ഓവർ തുടരണം. അത്രയും നേരം ആവേശത്തോടെ കളിച്ചവർക്കും കളി കണ്ടിരുന്നവർക്കും ഒക്കെ നിരാശ സമ്മാനിച്ചു കൊണ്ടാണ് ആ ഫൈനൽ അവസാനിച്ചത്..
വൺഡേ ക്രിക്കറ്റിന്റെ ആവേശം ഇതുപോലെയുള്ള അപൂർവ്വം മൽസരങ്ങളിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുകയാണ്. മിക്ക മത്സരങ്ങളും വൺസൈഡഡ് ബോറിങ് മാച്ചുകൾ ആയി പോകുന്നു. ടി 20 പ്രഭാവത്തിൽ മുങ്ങിപ്പോകും എന്ന് കരുതിയ ടെസ്റ്റ് ക്രിക്കറ്റ് ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്.. കളിക്കാരും ടീമുകളും അഗ്രസീവായി കളിക്കുന്നു.. അതുകൊണ്ടുതന്നെ കൂടുതൽ മാച്ചുകൾക്ക് റിസൾട്ട് ഉണ്ടാകാനും തുടങ്ങി.. സമനിലകൾ പോലും ആവേശത്തിന്റെ കൊടുമുടികൾ കയറുന്നു.. വിരസമായ സമനിലകൾ അപൂർവമായി.. പണ്ട് ടെസ്റ്റ് മൽസരങ്ങളിൽ റിസൾട്ട് ആയിരുന്നു അപൂർവ്വം! എന്നും സമനില തന്നെ സമനില.. അല്ലെങ്കിൽ വൺസൈഡഡ് മാച്. അതൊക്കെ പഴങ്കഥകളായി!
ഒരു എന്റർടൈനർ എന്ന രീതിയിൽ തുടങ്ങിയ വൺ ഡേ ക്രിക്കറ്റ് ആസ്ഥാനം ടി20 ക്ക് അടിയറ വെക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. അടിയറ വെച്ചു എന്ന് തന്നെ വേണമെങ്കിൽ പറയാം!
വൺഡേ ക്രിക്കറ്റ് എങ്ങനെ കൂടുതൽ ആകർഷകമാക്കാം എന്നാലോചിച്ചാൽ ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിനെയും ട���20 യെയും സമന്വയിപ്പിച്ച് ഒരു പുതിയ രൂപത്തിൽ ക്രിക്കറ്റ് നടത്താം. അതായത് ഓരോ ടീമും 20 ഓവർ വീതമുള്ള രണ്ട് ഇന്നിങ്സുകൾ കളിക്കണം. ആദ്യ ഇന്നിങ്സിൽ ലീഡ് നേടുന്ന ടീമിന് അത് രണ്ടാമിന്നിങ്സിൽ ഉപയോഗിക്കാം . രണ്ടാമത് ബാറ്റ് ചെയ്ത ടീം മറ്റേ ടീം എടുത്തതിൻ്റെ നിശ്ചിത ശതമാനം റൺസ് എടുത്തില്ലെങ്കിൽ ലീഡ് നേടിയ ടീമിന് അവരെ ഫോളോ ഓൺ ചെയ്യിക്കാം. രണ്ടിന്നിങ്സിലും കൂടി കൂടുതൽ റൺസ് നേടുന്നത് ആരോ അവർ വിജയികൾ.. രണ്ടാമത്തെ ഇന്നിങ്സ് ടൈ ആണെങ്കിൽ ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയവർ വിജയിക്കും. രണ്ടിനും ടൈ ആണെങ്കിൽ സൂപ്പർ ഓവർ.. അതും വിജയികളെ കണ്ടെത്തുന്നത് വരെ.
ഇങ്ങനെയൊരു ഫോർമാറ്റിനെക്കുറിച്ച് ആരെങ്കിലും പറഞ്ഞി���്ടുണ്ടോ എന്നറിയില്ല. ഐസിസി അതേക്കുറിച്ചോ അതുപോലെയുള്ള മറ്റേതെങ്കിലും ഫോർമാറ്റിലേക്കോ വൺ ഡേ ക്രിക്കറ്റിനെ മാറ്റാൻ ആലോചിക്കുന്നുണ്ടോ എന്നും അറിയില്ല. കുറെ നാളായി മനസ്സിലുള്ളതാണ്. എവിടെയെങ്കിലും എഴുതിവെക്കണമെന്ന് തോന്നി. കളിക്കാർക്ക് കൂടുതൽ അവസരവും കാണികൾക്ക് എൻ്റർടെയിൻമെന്റും ഐസിസിക്കും ടെലികാസ്റ്റിംഗ് കമ്പനികൾക്കും കൂടുതൽ പരസ്യ വരുമാനത്തിനും ഒക്കെ സാധ്യതകൾ ഉള്ള ഒരു ഫോർമാറ്റ് ആണ്. നാല് സെഷനുകൾ ഉള്ള അഥവാ നാല് ഇന്നിങ്സുകൾ ഉള്ള വൺഡേ ക്രിക്കറ്റ്. സെഷൻ ക്രിക്കറ്റ് എന്ന് വേണമെങ്കിൽ വിളിക്കാം.
പഴയ ഫോർമാറ്റിലെ അവസാന വേൾഡ് കപ്പായി 2023ലെ വേൾഡ് കപ്പ് മാറട്ടെ എന്നും, കപ്പ് ഏതായാലും ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സ്ഥിതിക്ക് അത് ഇവിടെത്തന്നെ വെക്കാൻ ടീം ഇന്ത്യക്ക് കഴിയട്ടെ എന്നും പ്രത്യാശിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
0 notes
mohshem · 2 years ago
Text
സ്പേസ് കട്ടിൽ
സന്ധ്യാനേരത്ത് തറവാട്ടിലെ കോലായിലെ ഒരു പഴയ കട്ടിലിൽ ക്ഷീണത്തോടെ കിടക്കുകയാണ്. വല്ലതും കഴിച്ചിട്ട് വേണം നന്നായൊന്നുറങ്ങാൻ..അങ്ങിങ്ങായി മേഘ ശകലങ്ങൾ കിടക്കുന്നു.. ഇരുട്ടി വരുന്നതേയുള്ളൂ.. ഒരു ശബ്ദം കേട്ട് സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു ഫൈറ്റർ ജെറ്റ് ഇരുട്ടിനെ കീറിമുറിച്ച് പറന്നു പോകുന്നു. ഇത്രയും താഴെ ഒരു ഫൈറ്റർ ജെറ്റ് കാണുന്നത് ആദ്യമായിട്ടാണ്. ഫൈറ്റർ ജെറ്റ് തന്നെ കാണുന്നത് ആദ്യമായിട്ടാണ്! അത്ഭുതത്തോടെ അതുപോയ വഴിയിലെ പുകച്ചുരുളുകൾ മായുന്നതും നോക്കിക്കിടന്നു.. ഇരുട്ട് വർദ്ധിച്ചു വരുന്നു.. നക്ഷത്രങ്ങൾ തെളിഞ്ഞു വന്നു. അങ്ങനെ നോക്കി കിടക്കെ ആകാശം കൂടുതൽ വിസ്തൃതമായി. ഷൂട്ടിംഗ് സ്റ്റാർസ് അവിടിവിടെയായി കാണാൻ തു��ങ്ങി. പിന്നെ ആകാശത്തിന്റെ വിശാലത വർദ്ധിച്ചു വരുന്നതായി അനുഭവപ്പെട്ടു. അത��� ഞാൻ ബഹിരാകാശത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണോ? ചന്ദ്രനും മറ്റു ഗ്രഹങ്ങളും ഒക്കെ അടുത്തടുത്ത് വരുന്നു.. നക്ഷത്രങ്ങളുടെ എണ്ണവും വലിപ്പവും എല്ലാം വർദ്ധിക്കുകയാണ്.. ആകാശം എന്നിലേക്കാണോ വരുന്നത്?! ഞാനിപ്പോഴും കട്ടിലിൽ തന്നെയാണല്ലോ.. ഇനി ഈ കട്ടിൽ ഒരു സ്പേസ് ഷട്ടിലാണോ? മനസ്സിലാകുന്നില്ല! വർണ്ണക്കാഴ്ചകൾ വിശാലമായി കൊണ്ടേയിരുന്നു..
അപ്പോഴാണ് ഈ കാഴ്ചകൾ അവളും മകളും കൂടി കണ്ടിരുന്നേൽ നന്നായിരിക്കുമല്ലോ എന്നോർത്തത്.. രണ്ടുപേരെയും വിളിച്ചു..
'എടിയേ, ഒന്നിങ്ങു വന്നേ.. മോളെയും വിളി.'
'എന്താ വേണ്ടേ?'
' പറയാം.. വേഗം വാ.. ഒരു കാര്യം കാണിച്ചു തരാം.. നീയിതു നോക്കിയേ..'
ആകാശത്തേക്ക് വിരൽ ചൂണ്ടി.
'എന്താണ്?'
'കാണുന്നില്ലേ? ശരിക്കും നോക്ക്'
' ചന്ദ്രനാണോ?'
'അല്ലെന്ന്, നീ ചന്ദ്രനെ മാത്രമേ കാണുന്നുള്ളോ? ഇത്രയും വർണാഭമായ കാഴ്ചകൾ നിൻ്റെ കണ്ണുകളിൽ പതിയുന്നില്ലേ?!'
' അവിടവിടെയായി കുറച്ചു നക്ഷത്രങ്ങളും, പിന്നെ മേഘങ്ങളും.. മഴ പെയ്യുമോ എന്തോ! അലക്കിയിട്ട വസ്ത്രങ്ങളുണ്ട് പുറത്ത്.. എടുക്കട്ടെ..'
അതും പറഞ്ഞ് അവളെഴുന്നേറ്റ് പോയി!
ഇവളുടെ കണ്ണിനിതെന്തു പറ്റിയെന്ന അദ്ഭുതത്തോടെ അവൾ പോയ വഴിയേ നോക്കിയപ്പോൾ അവളെ കാണുന്നില്ല! തിരികെ ആകാശത്തോട്ട് നോക്കിയപ്പോൾ ആകാശവുമില്ല, വർണക്കാഴ്ചകളുമില്ല! മച്ച് മാത്രം! റൂമിനകത്താണ് ഞാൻ!
അപ്പോൾ ഇത്രയും നേരം ഞാൻ കണ്ട കാഴ്ചകളൊക്കെ?! തോന്നലായിരുന്നോ? അതോ സ്വപ്നമോ? അതിന് ഞാൻ ഉറങ്ങിയില്ലല്ലോ?! വിശന്ന് കിടന്നതു കൊണ്ടായിരിക്കാം..
വിശപ്പ് മാറ്റാൻ അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ കാര്യമായിട്ടൊന്നുമില്ല.. രാത്രിയേക്കുള്ളതിനി പാകം ചെയ്യണമത്രേ.. അതിനൊന്നും നേരമില്ല.. അത്ര വിശപ്പുണ്ട്.. എന്തെങ്കിലും പാർസൽ വാങ്ങി വരാം.. സ്കൂട്ടറുമെടുത്ത് പുറത്തിറങ്ങി.. അപ്രീലിയ.. പുലിയാണ്.. പെട്രോളിത്തിരി കൂടുതൽ കുടിക്കുമെന്നേയുള്ളൂ.. ഇന്നത്തെ വിലയ്ക്ക് അത് മുതലാകില്ല.. എങ്കിലും ഹൈവേ പെർഫോമൻസിന് ഇതിലും മെച്ചപ്പെട്ട വേറെ സ്കൂട്ടറില്ല.. അങ്ങനെ ഓരോന്നാലോചിച്ച് കൊളംബോ ജങ്ഷനിലെ ഹോട്ടൽ സേഫ് വേക്ക് മുന്നിലെത്തിയപ്പോഴുണ്ട് ഹോട്ടലും പൂട്ടി അളിയൻ തൊട്ടടുത്ത ഹോട്ടലിൽ ഫുഡ് കഴിക്കാൻ വന്ന പിള്ളേരോടൊത്ത് കളിക്കുന്നു! ഇയാളിത്ര നേരത്തേ ഹോട്ടലും പൂട്ടിയെങ്ങോട്ട് പോകുന്നോ ആവോ?!
വേറെവിടെയെങ്കിലും പോയേക്കാമെന്ന് വിചാരിച്ചു സ്കൂട്ടറിൽ കയറി.. ദേ വരുന്നു ദുബായിലുള്ള കസിൻ!
'ബ്രൊ, ഞാനയച്ച പൈസ കിട്ടിയില്ലല്ലേ.. അതെവിടെയോ സ്റ്റക്കായതാ.. ഞാൻ ബാങ്കിൽ വിളിച്ചു.. ഒന്നു രണ്ട് ദിവസത്ത���നകം ക്രെഡിറ്റാകും..'
'ഓക്കേ, നോ പ്രോബ്ലം.. പക്ഷേ, നീയെന്തിനാ എനിക്ക് പൈസ അയക്കുന്നത്? ബൈദിവേ ബ്രൊ എപ്പോഴാണ് നാട്ടിൽ വന്നത്?'
'ഹ, മറന്നോ? അന്ന് ഞാൻ പറഞ്ഞിട്ട് നീ കൊടുത്തില്ലേ, ആ പൈസ.. ഞാൻ ഇവരോടൊത്ത് ജമാഅത്ത് വന്നതാ'
കൂടെയുള്ള താടിക്കാരെ ചൂണ്ടി അവൻ പറഞ്ഞു.. അപ്പോഴാണ് അവരെ ശ്രദ്ധിക്കുന്നത്..
എന്നാലും ഇവനെന്തിനാണ് ദുബായ്ന്ന് നാട്ടിലേക്ക് ജമാഅത്ത് വന്നതെന്ന് ആലോചിച്ച് നിൽക്കുമ്പോൾ നല്ല ബ്രഡ്- ഓംലെറ്റിൻ്റെ മണംം..
കണ്ണുമടച്ചൊരു ഡീപ് ബ്രെത്തെടുത്ത് ആ മണം പരമാവധി ആസ്വദിച്ച് കണ്ണ് തുറന്നു നോക്കുമ്പോഴുണ്ട് ഒരു പ്ലേറ്റിൽ ബ്രഡും ഓംലെറ്റുമായി കെട്യോൾ മുന്നിൽ.. ഞാൻ വീട്ടിലെ ബെഡിലും!
ലൊക്കേഷൻസ് & അദർ ഫാക്ട്സ്:
1. തറവാട്- തലശ്ശേരി (കുട്ടിക്കാലം അവിടെയായിരുന്നു.. പൊളിച്ചു)
2. ഹോട്ടൽ സേഫ് വേ - എറണാകുളം (പണ്ട് ഗ്രാൻഡ് ഫാദറുതായിരുന്നു. ഒരുപാട് തവണ പോയിട്ടുണ്ട് കുട്ടിക്കാലത്ത്..ഇപ്പോൾ വേറാരോ നടത്തുന്നു)
3. അളിയൻ്റെ കട - കണ്ണൂരിൽ (ഹോട്ടലല്ല. എട്ട് മണിക്ക് അടക്കും)
4. കസിന് ഞാനാണ് പൈസ കൊടുക്കാനുണ്ടായിരുന്നത്. അത് കൊടുത്തു തീർത്തതുമാണ്! അവൻ ജമാഅത്തിനൊന്നും പോകാറുമില്ല!
5. അപ്രീലിയ സ്റ്റോം - ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സ്കൂട്ടർ!
0 notes
mohshem · 2 years ago
Text
കൊതുക്
ജനൽ കമ്പിയിൽ വെറുതെ ഇരിക്കുകയായിരുന്ന കൊതുകിനെ അവൻ അടിച്ചു കൊന്നു. അതിനെ അവൻ ന്യായീകരിച്ചത്, കൊതുകിൽ രോഗത്തിൻ്റെ രൂപത്തിൽ ഒളിഞ്ഞിരിക്കുന്ന മരണത്തെ ചൂണ്ടിക്കാണിച്ചായിരുന്നു. സത്യമായിരുന്നു. അതിൽ ഒരു മരണം ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. അത് ആ കൊതുകിനെയും കൊണ്ടു പോയി!
0 notes
mohshem · 2 years ago
Text
ട്വിറ്റർ പോയാൽ ടംബ്ലർ!
0 notes
mohshem · 10 years ago
Text
��ിലായുഗം
ആരാ പറഞ്ഞത് നമ്മുടെ സംസ്കാരം പുരോഗമിച്ചെന്ന്? പുരോഗതി ജീവിതസൗകര്യങ്ങളിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ... സംസ്കാരം പഴയത് തന്നെ!
1 note · View note